Skip to content

നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് ; പാകിസ്ഥാൻ 240 റൺസിന് പുറത്ത്

ബ്രിസ്ബൻ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ 240 റൺസിന് പുറത്ത്. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസുമാണ് പാകിസ്ഥാനെ ചുരുക്കികെട്ടിയത്. ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റുകൾ നേടി.

മികച്ച തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഷാൻ മസൂദും ക്യാപ്റ്റൻ അസ്ഹർ അലിയും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 75 റൺസ് കൂട്ടിച്ചേർത്തുവെങ്കിലും തുടക്കം മുതലാക്കാൻ മധ്യനിര ബാറ്റ്സ്മാന്മാർക്ക് സാധിച്ചില്ല. മസൂദ് 27 റൺസും അസ്ഹർ അലി 39 റൺസും നേടി പുറത്തായി.

ശേഷം ഒരു ഘട്ടത്തിൽ 94 റൺസിന് അഞ്ച് എന്ന നിലയിൽ തകർന്ന പാകിസ്ഥാനെ ആറാം വിക്കറ്റിൽ മൊഹമ്മദ് റിസ്വാനൊപ്പം 49 റൺസും ഏഴാം വിക്കറ്റിൽ യാസിർ ഷായ്ക്കൊപ്പം 84 റൺസും കൂട്ടിച്ചേർത്ത ആസാദ് ഷഫീഖാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഷഫീഖ് 76 റൺസും റിസ്വാൻ 37 റൺസും യാസിർ ഷാ 26 റൺസും നേടി.