Skip to content

ഡേ നൈറ്റ് ടെസ്റ്റ് ; ഈ അഞ്ച് റെക്കോർഡുകൾ നിങ്ങൾ അറിഞ്ഞിരിക്കണം

ഇൻഡോറിൽ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് ശേഷം തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയുടെ മാത്രമല്ല എതിരാളികളായ ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്.

ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ ടീമിന്റെ ആദ്യ പിങ്ക് ബോൾ മത്സരത്തിനായി ആരാധകരും കാത്തിരിക്കുന്നത്. ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിലെ ആദ്യ നാല് ദിനങ്ങൾക്കുള്ള ടിക്കറ്റുകൾ ഇപ്പോഴേ മുഴുവനായും വിറ്റഴിഞ്ഞുകഴിഞ്ഞു. നവംബർ 22 നായി ആരാധകർ കാത്തിരിക്കെ ഡേ നൈറ്റ് മത്സരങ്ങളിലെ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട അഞ്ച് റെക്കോർഡുകൾ കാണാം.

1. പരാജയമറിയാതെ ഓസ്‌ട്രേലിയയുടെ കുതിപ്പ്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ഓസ്‌ട്രേലിയ തന്നെയാണ് പിങ്ക് ബോൾ ടെസ്റ്റിലും ഏറ്റവും കൂടുതൽ വിജയം നേടിയ ടീം. കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വിജയം നേടിയാണ് കങ്കാരുക്കൾ കുതിപ്പ് തുടരുന്നത്. 2017 നവംബർ 27 ന് അഡ്ലെയ്ഡിലാണ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് മത്സരം നടന്നത്. ന്യൂസിലാൻഡുമായി നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കി.

തുടർന്ന് സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരായ മത്സരത്തിലും ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കി. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരത്തിൽ വിജയിച്ച ശ്രീലങ്കയാണ് ഓസ്‌ട്രേലിയക്ക് പുറകിലുള്ളത്.

2. ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാർ

പാകിസ്ഥാൻ ബാറ്റ്സ്മാൻ അസ്ഹർ അലിയാണ് ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ. മൂന്ന് മത്സരങ്ങളിൽ നിന്നും 91.20 ശരാശരിയിൽ 456 റൺസ് താരം നേടിയിട്ടുണ്ട്. നാല് മത്സരത്തിൽ നിന്നും 50.62 ശരാശരിയിൽ 405 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്തുള്ളത്.

3. ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ

2016 ൽ ദുബായിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 302 റൺസ് നേടി പുറത്താകാതെ നിന്ന അസ്ഹർ അലിയുടെ പേരിലാണ് പിങ്ക് ബോൾ ടെസ്റ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ്. 2017 ൽ ബിർമിങ്ഹാമിൽ വെസ്റ്റിൻഡീസിനെതിരെ തന്നെ നടന്ന മത്സരത്തിൽ 243 റൺസ് നേടിയ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റയർ കുക്കാണ് ഈ റെക്കോർഡിൽ അസ്ഹർ അലിയ്ക്ക് പിന്നിൽ.

4. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവർ

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കാണ് ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർ. 26 വിക്കറ്റുകൾ സ്റ്റാർക്ക് പിങ്ക് ബോളിൽ നേടിയിട്ടുണ്ട്. 21 വിക്കറ്റുകൾ നേടിയ സഹതാരം ജോഷ് ഹേസൽവുഡാണ് സ്റ്റാർക്കിന് പുറകിലുള്ളത്.

5. ഏറ്റവും മികച്ച ബൗളിങ് പ്രകടനം

ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങളിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡ് വെസ്റ്റിൻഡീസ് സ്പിന്നർ ദേവേന്ദ്ര ബിഷൂവിന്റെ പേരിലാണ്. പാകിസ്ഥാനെതിരെ ദുബായിൽ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 13.5 ഓവറിൽ 49 റൺസ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയാണ് ഈ റെക്കോർഡ് താരം സ്വന്തമാക്കിയത്.