Skip to content

കാര്യവട്ടമടക്കം ഐ പി എല്ലിൽ മൂന്ന് പുതിയ വേദികൾ

ഐ പി എല്ലിൽ കേരളത്തിൽ നിന്നൊരു ടീം ഏതൊരു മലയാളി ക്രിക്കറ്റ് ആരാധകന്റെയും സ്വപ്നമാണ്. എന്നാൽ 2021 വരെ പുതിയ ടീമുകൾ വേണ്ടെന്നുള്ള തീരുമാനത്തിലായതിനാൽ ആ സ്വപ്നത്തിനായി ക്രിക്കറ്റ് ആരാധകർ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. എന്നാൽ അടുത്ത സീസണിൽ ഐ പി എൽ മത്സരങ്ങൾക്ക് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകുമെന്നുള്ള സന്തോഷകരമായ വാർത്ത മലയാളി ക്രിക്കറ്റ് ആരാധകരെ തേടിയെത്തിയിരിക്കുകയാണ്.

പുതിയ വേദികളുടെ പട്ടികയിൽ ലക്നൗവിനും ഗുവാഹത്തിയ്ക്കുമൊപ്പമാണ് കാര്യവട്ടം സ്റ്റേഡിയവും സ്ഥാനം പിടിച്ചത്. മറ്റു രണ്ട് വേദികളിൽ മത്സരങ്ങൾ നടക്കുമെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും തിരുവനന്തപുരത്തിന്റെ കാര്യത്തിൽ ഉറപ്പുപറയാൻ സാധിക്കില്ലയെന്നും എന്നാൽ സൗകര്യങ്ങളും സിറ്റിയിലെ ക്രിക്കറ്റ് ആരാധകരുടെ ആവേശം കണക്കിലെടുത്ത് മത്സരങ്ങൾ നടന്നേക്കാമെന്നും സീനിയർ ബിസിസിഐ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈയിൽ നടന്ന ടീം ഉടമകളുടെ യോഗത്തിലാണ് പുതിയ വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. ലക്നൗ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ രണ്ടാം വേദിയാകുമ്പോൾ രാജസ്ഥാൻ റോയൽസിന്റെ ഹോം മത്സരങ്ങളിൽ ചിലതാകും ഗുവാഹത്തിയിൽ നടക്കുക.

കഴിഞ്ഞ സീസണിൽ രാഷ്ട്രീയമായ പ്രശ്നങ്ങളെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഹോം മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലു അവസാന നിമിഷം ടീം മാനേജ്‌മെന്റ് മൽസരങ്ങൾ പൂനെയിലേക്ക് മാറ്റുകയയായിരുന്നു.