Skip to content

രണ്ടാം ഏകദിനത്തിൽ 47 റൺസിന്റെ വിജയം ; അഞ്ച് വർഷങ്ങൾക്ക് ശേഷം ഏകദിന പരമ്പര സ്വന്തമാക്കി വെസ്റ്റിൻഡീസ്

അഫ്ഘാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിന് 47 റൺസിന്റെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് വെസ്റ്റിൻഡീസ് സ്വന്തമാക്കി. നീണ്ട അഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായാണ് വെസ്റ്റിൻഡീസ് ഒരു ഏകദിന പരമ്പര വിജയിക്കുന്നത്.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 248 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഘാനിസ്ഥാന് 45.4 ഓവറിൽ 200 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീതം നേടിയ കോട്രൽ, ചേസ്, ഹെയ്ഡൻ വാൽഷ് എന്നിവരാണ് അഫ്ഘാനിസ്ഥാനെ ചുരുക്കികെട്ടിയത്.

66 പന്തിൽ 56 റൺസ് നേടിയ നജിബുള്ള സദ്രാനും 32 റൺസ് നേടിയ മൊഹമ്മദ് നബിയും മാത്രമേ അഫ്ഘാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ 50 പന്തിൽ 67 റൺസ് നേടിയ നിക്കോളാസ് പൂറൻ, 54 റൺസ് നേടിയ എവിൻ ലൂയിസ്, 43 റൺസ് നേടിയ ഷായ് ഹോപ്പ് എന്നിവരാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.

നിക്കോളാസ് പൂറനാണ് മാൻ ഓഫ് ദി മാച്ച്.