Skip to content

പോർട്ടർഫീൽഡ് പടിയിറങ്ങി ; അയർലൻഡിന് ഇനി പുതിയ ക്യാപ്റ്റൻ

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം അയർലൻഡ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വില്യം പോർട്ടർഫീൽഡ് പടിയിറങ്ങി. മധ്യനിര ബാറ്റ്സ്മാൻ ആൻഡ്രൂ ബാൽബിർനി ടെസ്റ്റിലും ഏകദിനത്തിലും ഇനി അയർലൻഡിനെ നയിക്കും. എന്നാൽ ട്വന്റി20യിൽ ഗാരി വിൽസൺ ക്യാപ്റ്റനായി തുടരും.

2008 ൽ ട്രെന്റ് ജോൺസ്റ്റണ് ശേഷം അയർലൻഡ് ക്യാപ്റ്റനായ പോർട്ടർഫീൽഡ് 253 മത്സരങ്ങളിൽ ടീമിനെ നയിച്ചിട്ടുണ്ട്. 55 ഏകദിന മത്സരത്തിലും 26 ട്വന്റി20 മത്സരത്തിലും ടീമിനെ വിജയത്തിലെത്തിച്ചുവെങ്കിലും നയിച്ച മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിക്കാൻ പോർട്ടർഫീൽഡിന് സാധിച്ചിരുന്നില്ല. ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പടിയിറങ്ങിയെങ്കിലും അയർലൻഡിന് വേണ്ടി താരം തുടർന്നും കളിക്കും.

2010 ൽ ന്യൂസിലാൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ അയർലൻഡിനെ നയിച്ച ബാൽബിർനി 2010 ജൂലൈയിൽ സ്കോട്ലൻഡിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. പാകിസ്ഥാനെതിരായ അയർലൻഡിന്റെ ചരിത്ര ടെസ്റ്റിന്റെ ഭാഗമായിരുന്ന താരം കഴിഞ്ഞ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ടിനെതിരെയും അഫ്ഘാനിസ്ഥാനെതിരെയും ഫിഫ്റ്റി നേടിയിരുന്നു.