Skip to content

തകർത്താടി രോഹിത് ശർമ്മ ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ് മികവിൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 154 റൺസിന്റെ വിജയലക്ഷ്യം 15.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 43 പന്തിൽ 85 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. ആറ് ഫോറും ആറ് സിക്സും രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും പിറന്നു. ധവാൻ 27 പന്തിൽ നിന്നും 31 റൺസ് നേടി പുറത്തായി. ശ്രേയസ് അയ്യർ 13 പന്തിൽ നിന്നും 24 റൺസും കെ എൽ രാഹുൽ 11 പന്തിൽ 8 റൺസും നേടി പുറത്താകാതെ നിന്നു.

അമിനുൾ ഇസ്‌ലാനാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ബംഗ്ലാദേശിനൊപ്പമെത്തി. നവംബർ 10 ഞായറാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.