Skip to content

ധോണിയാകാൻ ശ്രമിക്കരുത് ; റിഷാബ് പന്തിന് ഉപദേശവുമായി ആദം ഗിൽക്രിസ്റ്റ്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന് ഉപദേശവുമായി മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റ്. മറ്റൊരു എം എസ് ധോണിയാകാൻ റിഷാബ് പന്ത് ശ്രമിക്കരുതെന്നും സ്വന്തം കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ പന്ത് ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ എം എസ് ധോണിയ്ക്ക് പകരക്കാരനായി വന്നശേഷം നിരവധി വിമർശനങ്ങളാണ് ആരാധകരുടെയും മുൻ താരങ്ങളുടെയും ഭാഗത്തുനിന്നും റിഷാബ് പന്ത് നേരിട്ടത്. എന്നാൽ പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് ഇന്ത്യൻ ആരാധകരോട് ആവശ്യപെട്ട ഗിൽക്രിസ്റ്റ് ധോണിയുടേതിന് സമാനമായ പ്രകടനം പന്തിൽ പ്രതീക്ഷിക്കരുതെന്നും വ്യക്തമാക്കി.

” മുൻപ് പറഞ്ഞതുപോലെ താരതമ്യങ്ങളിൽ എനിക്ക് താല്പര്യമില്ല. എന്നാൽ ഇന്ത്യൻ ഫാൻസ് ഒരിക്കലും റിഷാബ് പന്തിനെ എം എസ് ധോണിയുമായി താരതമ്യപെടുത്തരുത്. റിഷാബ് പന്ത് വളരെ കഴിവുള്ള യുവതാരമാണ്. എന്നാൽ എം എസ് ധോണിയുടെ പ്രകടനം പ്രതീക്ഷിച്ച് അവന് മേൽ സമ്മർദ്ദം ചെലുത്തരുത്. “ഗിൽക്രിസ്റ്റ് പറഞ്ഞു.

” റിഷാബ് പന്തിനുള്ള എന്റെ ഉപദേശം എന്തെന്നാൽ എം എസ് ധോണിയിൽ നിന്നും നിന്നാൽ കഴിയുന്നതെല്ലാം പഠിക്കുക. എന്നാൽ ധോണിയാകാൻ ശ്രമിക്കരുത്. ഏറ്റവും മികച്ച പന്താകാൻ തന്നെ ശ്രമിക്കൂ ” ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു.