Skip to content

തകർപ്പൻ ഫിഫ്റ്റിയുമായി മുഷ്ഫിഖുർ റഹിം ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ചരിത്രവിജയം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ടി20 ഫോർമാറ്റിൽ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ വിജയമാണിത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 149 റൺസിന്റെ വിജയലക്ഷ്യം 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. 43 പന്തിൽ 60 റൺസ് നേടി പുറത്താകാതെ നിന്ന മുഷ്ഫിഖുർ റഹിമാണ് ബംഗ്ലാദേശിനെ ചരിത്രവിജയത്തിലെത്തിച്ചത്. 35 പന്തിൽ 39 റൺസ് നേടിയ സൗമ്യ സർക്കാറും ഏഴ് പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മഹ്മുദുള്ളയും മികച്ച പിന്തുണ നൽകി.

ഇന്ത്യയ്ക്ക് വേണ്ടി ദീപക്‌ ചഹാർ, ഖലീൽ അഹമദ്, യുസ്വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ബംഗ്ലാദേശ് 1-0 ന് മുൻപിലെത്തി. നവംബർ ഏഴിന് രാജ്കോട്ടിലാണ് പരമ്പരയിലെ രണ്ടാം മത്സരം.