Skip to content

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ഡേ-നൈറ്റ് മത്സരങ്ങളിൽ തന്നെ ; ഗാംഗുലിയെ പിന്തുണച്ച് സൈമൺ ടോഫൽ

ഡേ-നൈറ്റ് മത്സരങ്ങൾ തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയ്ക്ക് ഗുണകരമെന്ന് മുൻ അന്താരാഷ്ട്ര അമ്പയർ സൈമൺ ടോഫൽ. ഫൈൻഡിങ് ദി ഗ്യാപ്‌സ് എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് ഡേ നൈറ്റ് ടെസ്റ്റിന്റെ ആവശ്യകതയെ പറ്റി ടോഫൽ തുറന്നുപറഞ്ഞത്.

” ഒരുപാട് വെല്ലുവിളികൾ ടെസ്റ്റ് ക്രിക്കറ്റ് നേരിടുന്നുണ്ട്. എന്നാൽ നമ്മൾ അതിനായി ഒന്നും ചെയ്യാതിരുന്നാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനിൽപ്പ് അപകടത്തിലാകും. അതിനാൽ തന്നെ ടെസ്റ്റ് ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി ഒരുപാട് കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടതുണ്ട്. അതിനായി പിങ്ക് ബോൾ ടെസ്റ്റ് ഉപയോഗപെടുത്തണം. “ടോഫൽ പറഞ്ഞു.

ചില രാജ്യങ്ങളിലും സ്ഥലങ്ങളിലും പിങ്ക് ബോൾ ടെസ്റ്റിന് വിജയിക്കാൻ സാധിക്കുമെന്നും അഡ്ലെയ്ഡിൽ അത് വളരെ വലിയ വിജയമായിരുന്നുവെന്നും ഒരിക്കലും ടെസ്റ്റ് ക്രിക്കറ്റ് കാണാത്തവരെ പോലും സ്റ്റേഡിയത്തിലെത്തിക്കാൻ ഡേ നൈറ്റ് മത്സരങ്ങൾക്ക് സാധിച്ചുവെന്നും ടോഫൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ അഡ്ലെയ്ഡിൽ ഡേ നൈറ്റ് കളിക്കുവാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബിസിസിഐ പ്രസിഡന്റായ ശേഷമുള്ള മുൻ ക്യാപ്റ്റൻ കൂടിയായ സൗരവ് ഗാംഗുലി ശക്തമായ ഇടപെടൽ മൂലമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ഡേ നൈറ്റ് ടെസ്റ്റിനൊരുങ്ങുന്നത്. നവംബർ 22 ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം ആരംഭിക്കുന്നത്.