Skip to content

ബൗളിങ് ആക്ഷൻ നിയമവിരുദ്ധമല്ല ; വില്യംസണ് തുടർന്നും പന്തെറിയാം

ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ബൗളിങ് ആക്ഷൻ നിയമവിരുദ്ധമല്ലെന്ന് ഐസിസി കണ്ടെത്തി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ന്യൂസിലാൻഡ് ക്യാപ്റ്റന് തുടർന്നും പന്തെറിയാൻ സാധിക്കും. ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് വില്യംസന്റെ ബൗളിങ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് കഴിഞ്ഞ മാസം 11 ന് താരം ആക്ഷൻ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഈ പരിശോധനയിലാണ് വില്യംസന്റെ ആക്ഷൻ നിയമാനുസൃതമാണെന്ന് ഐസിസി കണ്ടെത്തിയത്.

ഇത് രണ്ടാം തവണയാണ് കെയ്ൻ വില്യംസൻ ബൗളിങ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നേരത്തെ 2014 ൽ നിയമവിരുദ്ധ ആക്ഷനെ തുടർന്ന് വില്യംസണെ പന്തെറിയുന്നതിൽ നിന്നും വിലക്കിയിരുന്നു.

നിലവിൽ ഇടുപ്പിനേറ്റ പരിക്കിനെ തുടർന്ന് വിശ്രമത്തിലാണ് താരം. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ നിന്നും വില്യംസൺ പുറത്തായിരുന്നു. വില്യംസന്റെ അഭാവത്തിൽ സീനിയർ താരം ടിം സൗത്തീയാണ് ടീമിനെ നയിക്കുന്നത്.