Skip to content

ലങ്കൻ ബൗളർമാർക്ക് മുൻപിൽ വീഴാതെ നേടിയത് 217 റൺസ് ; അപൂർവ്വ നേട്ടത്തിൽ ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. ആഷസ് പരമ്പരയിൽ 10 ഇന്നിങ്സിൽ നിന്നും 95 റൺസ് മാത്രം നേടിയ വാർണർ ടി20 അഡ്ലെയ്ഡിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ 100 റൺസ് അടിച്ചുകൂട്ടി. വെറും 56 പന്തിൽ നിന്നായിരുന്ന തന്റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ചുറി വാർണർ നേടിയത്.
ബ്രിസ്‌ബനിൽ നടന്ന രണ്ടാം മത്സരത്തിലും വാർണർ മികവ് തുടർന്നു. 118 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്തിനൊപ്പം 41 പന്തിൽ പുറത്താകാതെ 61 റൺസ് നേടി ഡേവിഡ് വാർണർ വിജയത്തിലെത്തിച്ചു.

മെൽബണിൽ നടന്ന മൂന്നാം മത്സരത്തിലും വാർണറിനെ പിടിച്ചുകെട്ടാൻ ലങ്കൻ ബൗളർമാർക്ക് സാധിച്ചില്ല. 50 പന്തിൽ പുറത്താകാതെ 57 റൺസ് നേടിയ വാർണറിന്റെ മികവിൽ 143 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ മറികടന്ന ഓസ്‌ട്രേലിയ പരമ്പര 3-0 ന് തൂത്തുവാരുകയും ചെയ്തു.

മൂന്ന് മത്സരത്തിൽ നിന്നുമായി ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയുമടക്കം 217 റൺസ് വാർണർ അടിച്ചുകൂട്ടി. മൂന്ന് മത്സരത്തിലും വാർണറെ പുറത്താക്കാൻ ശ്രീലങ്കൻ ബൗളർമാർക്ക് സാധിച്ചില്ല. ഒരു അന്താരാഷ്ട്ര ടി20 സീരീസിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന അപൂർവ്വനേട്ടം വാർണർ സ്വന്തമാക്കി.