Skip to content

അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് പൂർത്തിയാക്കി ഡേവിഡ്‌ വാർണർ ; സ്വന്തമാക്കിയത് ഈ റെക്കോർഡ്

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ട്വന്റി20 യിൽ 2000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനായി ഡേവിഡ് വാർണർ. വ്യക്തിഗത സ്കോർ 48 ൽ നിൽക്കെയാണ് ഈ റെക്കോർഡ് വാർണർ സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ടി20 യിൽ 2000 റൺസ് നേടുന്ന ആറാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് ഡേവിഡ് വാർണർ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ന്യൂസിലാൻഡ് താരങ്ങളായ മാർട്ടിൻ ഗപ്റ്റിൽ, ബ്രണ്ടൻ മക്കല്ലം, പാകിസ്ഥാൻ താരം ഷൊഹൈബ് മാലിക്ക് എന്നിവരാണ് ഇതിന് മുൻപ് അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ.

മത്സരത്തോടെ ട്വന്റി20 ക്രിക്കറ്റിൽ 9000 റൺസ് നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന റെക്കോർഡും വാർണർ സ്വന്തമാക്കി. ക്രിസ് ഗെയ്ൽ, ബ്രണ്ടൻ മക്കല്ലം, പൊള്ളാർഡ്, ഷൊഹൈബ് മാലിക്ക് എന്നിവരാണ് വാർണറിന് മുൻപ് ടി20 ക്രിക്കറ്റിൽ 9000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ.