ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് ഓസ്‌ട്രേലിയൻ സൂപ്പർതാരം ഗ്ലെൻ മാക്‌സ്‌വെൽ
Glenn Maxwell takes Indefinite break from Cricket
മാനസിക ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാല അവധിയെടുത്ത് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ഇതോടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ മാക്‌സ്‌വെൽ കളിക്കില്ല. ഇടം കയ്യൻ ബാറ്റ്സ്മാൻ ഡാർസി ഷോർട്ടാണ് മാക്‌സ്‌വെല്ലിന് പകരക്കാരനായി ടീമിലെത്തിയിരിക്കുന്നത്.
മാനസികമായി പിരിമുറുക്കങ്ങൾ മാക്സ്വെൽ നേരിടുന്നുണ്ടെന്നും അതിനാൽ തന്നെ ക്രിക്കറ്റിൽ നിന്നും മാക്‌സ്‌വെല്ലിന് ഒരു ഇടവേള ആവശ്യമാണെന്നും മാക്‌സ്‌വെല്ലിന് പൂർണപിന്തുണ നൽകുമെന്നും ഒപ്പം മാക്‌സ്‌വെല്ലിന്റെ ആഭ്യന്തര ടീമായ വിക്ടോറിയയുമായി ചേർന്ന് മാക്‌സ്‌വെല്ലിന്റെ തിരിച്ചുവരവിനായി പ്രവർത്തിക്കുമെന്നും ഈ സമ്മറിൽ തന്നെ മാക്‌സ്‌വെൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
നേരത്തെ യുവതാരം വിൽ പൂകോവ്സ്കിയും മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ക്രിക്കറ്റിൽ നിന്നും വിട്ടുനിന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ താരം പാകിസ്ഥാനെതിരായ പരിശീലന മത്സരത്തിലും ഇടം നേടിയിട്ടുണ്ട്. നവംബർ 11 ന് ആരംഭിക്കുന്ന ത്രിദിന പരിശീലന മത്സരത്തിൽ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയാണ് ഓസ്‌ട്രേലിയ എ യെ നയിക്കുന്നത്.