Skip to content

ഡേ നൈറ്റ് ടെസ്റ്റിനോട് വിരാട് കോഹ്ലിക്ക് എതിർപ്പില്ല ; ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്നതിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് എതിർപ്പില്ലയെന്ന് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ്‌ ഗാംഗുലി. ഡേ നൈറ്റ് ടെസ്റ്റിനെ പറ്റി വിരാട് കോഹ്ലിയുമായി സംസാരിച്ചുവെന്നും അക്കാര്യത്തിൽ വിരാട് കോഹ്ലി പൂർണ്ണമായും യോജിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയിൽ വിരാട് കോഹ്ലിക്ക് ഡേ നൈറ്റ് ടെസ്റ്റിനോട് എതിർപ്പില്ലയെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

” അതിനെ പറ്റി (ഡേ നൈറ്റ് ടെസ്റ്റ്) ഞങ്ങളെല്ലാവരും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഡേ നൈറ്റ് ടെസ്റ്റിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. കോഹ്ലിയും ഇക്കാര്യത്തിൽ യോജിക്കുന്നു. ന്യൂസ്‌ പേപ്പറിൽ ഡേ നൈറ്റ്‌ ടെസ്റ്റിനെ എതിർക്കുന്നു എന്നുള്ള വാർത്തകൾ ഞാൻ കണ്ടിരുന്നു എന്നാൽ അത് സത്യമല്ല. ഈ ഗെയിം (ടെസ്റ്റ് ക്രിക്കറ്റ്) ഒരുപാട് മുൻപോട്ട് പോകേണ്ടതുണ്ട് . ജോലി കഴിഞ്ഞതിന് ശേഷം ആളുകൾക്ക് ചാമ്പ്യന്മാരുടെ കളി കാണാൻ സാധിക്കണം. അതെന്ന് സംഭവിക്കുമെന്ന് എനിക്ക് പറയാൻ സാധിക്കില്ല പക്ഷേ അത് സംഭവിക്കും, ” ഗാംഗുലി പറഞ്ഞു.

ഇതിനുമുൻപും ഇന്ത്യയിൽ ഡേ നൈറ്റ് ടെസ്റ്റ് നടത്തുന്നതിൽ ഗാംഗുലി മുൻകൈ എടുത്തിരുന്നു. ബംഗ്ലാദേശും ഇന്ത്യയും മാത്രമാണ് ഇതുവരെ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാത്ത ടീമുകൾ.