Skip to content

അണ്ടർ 19 ലോകകപ്പ്‌ ; ഇന്ത്യയുടെ ആദ്യ മത്സരം ശ്രീലങ്കയ്ക്കെതിരെ, ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ ജപ്പാനും

സൗത്താഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി 19 ന് ശ്രീലങ്കയ്ക്കെതിരെ. ന്യൂസിലാൻഡ്, ശ്രീലങ്ക, ജപ്പാൻ എന്നിവരാണ് നാല് തവണ ചാമ്പ്യന്മാരായ ഇന്ത്യയ്ക്കൊപ്പം എ ഗ്രൂപ്പിലുള്ളത്. ജപ്പാന്റെ ആദ്യ ലോകകപ്പ്‌ കൂടിയാണിത്. 16 ടീമുകൾ മറ്റുരയ്ക്കുന്ന ടൂർണമെന്റിന് ജനുവരി 17 ന് ആതിഥേയരായ സൗത്താഫ്രിക്കയും അഫ്ഘാനിസ്ഥാനും തമ്മിലുള്ള മത്സരത്തോടെ തുടക്കമാകും. ജനുവരി 21 ന് ജപ്പാനെതിരെയും 24 ന് ന്യൂസിലാൻഡിനെതിരെയുമാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ.

മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയിൽ വെസ്റ്റിൻഡീസിനും ഇംഗ്ലണ്ടിനും നൈജീരിയക്കും ഓപ്പമാണുള്ളത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, സിംബാബ്‌വെ, സ്കോട്ലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയിലുള്ളത്.

അഫ്ഘാനിസ്ഥാൻ, യു എ ഇ, കാനഡ എന്നീ ടീമുകൾ ആതിഥേയരായ സൗത്താഫ്രിക്കയ്ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് .