Skip to content

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വാട്ടർ ബോയായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഓസ്‌ട്രേലിയ- ശ്രീലങ്ക ട്വന്റി20 പരമ്പരയ്ക്ക് മുൻപായി ശ്രീലങ്കയും പ്രൈം മിനിസ്റ്റർ ഇലവനും തമ്മിൽ നടന്ന മത്സരത്തിൽ വാട്ടർ ബോയ് ആയി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ 16 ആം ഓവറിലായിരുന്നു വാട്ടർ ബോയായുള്ള പ്രധാനമന്ത്രിയുടെ രംഗപ്രവേശനം. ഓസ്‌ട്രേലിയൻ ടീമിന്റെ മഞ്ഞതൊപ്പിയണിഞ്ഞ് താരങ്ങൾക്കുള്ള ഡ്രിങ്ക്‌സുമായി ഗ്രൗണ്ടിലെത്തിയ മോറിസന്റെ ചിത്രം ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ സ്വീകരിച്ചത്.

മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഒരു വിക്കറ്റിന്റെ ആവേശവിജയം പ്രൈം മിനിസ്റ്റർ ഇലവൻ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം 19 ആം ഓവറിലെ അഞ്ചാം പന്തിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ പ്രൈം മിനിസ്റ്റർ ഇലവൻ മറികടന്നു. 50 പന്തിൽ 79 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഹാരി നൈൽസനാണ് പ്രൈം മിനിസ്റ്റർ ഇലവനെ വിജയത്തിലെത്തിച്ചത്.

ഒക്ടോബർ 27 ന് അഡ്ലെയ്ഡിലാണ് മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. ഒക്ടോബർ 30 ന് ബ്രിസ്ബനിലും നവംബർ ഒന്നിന് മെൽബണിലുമാണ് പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ.