ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി വഴങ്ങിയ വെസ്റ്റ് ഇൻഡീസ് ടീം രണ്ടാം ടെസ്റ്റിലും തോൽവിയിലേക്ക്. മൂന്നാം ദിവസമായ ഇന്ന് കളിയവസാനിക്കുമ്പോൾ 444 റൺസ് ലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്
ബ്രൈത്വറ്റ്(13*) ഷായ് ഹോപ്പ് (1*) എന്നിവരാണ് ക്രീസിൽ. ഇരുവരും കഴിഞ്ഞ കുറച്ചു കാലങ്ങളായി നല്ല ഫോമിലാണ് എന്നത് മാത്രമാണ് വിൻഡീസ് ടീമിന്റെ ഏക പ്രതീക്ഷയെങ്കിലും വിജയം ഏറെ കുറെ അപ്രാപ്യമാണ്. ന്യൂസിലാൻഡിനു വേണ്ടി ട്രെണ്ട് ബോൾട്ടും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം നേടി.
ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് നേടിയ 373 റൺസിനെതിരെ വെസ്റ്റ് ഇൻഡീസ് ടീമിന് നേടാനായത് 221 റൺസ് മാത്രമാണ്. രണ്ടാം ഇന്നിങ്സിൽ റോസ് ടെയ്ലറുടെ(107*) സെഞ്ചുറിയുടെയും ക്യാപ്റ്റൻ വില്യംസന്റെ (54) അർദ്ധ സെഞ്ചുറിയുടെയും മികവിൽ 444 എന്ന ലക്ഷ്യം നൽകുകയായിരുന്നു
വിൻഡീസിനെതിരെ അവസാനം കളിച്ച 5 ടെസ്റ്റുകളിൽ നാലിലും റോസ് ടെയ്ലർ സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. ടെസ്റ്റിൽ 17 സെഞ്ചുറി സ്വന്തം പേരിലുള്ള താരം ഇതോട് കൂടി ന്യൂസിലാൻഡ് ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന താരം എന്ന കെയ്ൻ വില്യംസന്റെ റെക്കോർഡിനോടൊപ്പമെത്തി