Skip to content

ഡീകോക്കിനെയും എൽഗറിനെയും അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടിയ സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാരായ ഡീൻ എൽഗറിനെയും വിക്കറ്റ് കീപ്പർ ഡീകോക്കിനെയും അഭിനന്ദിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്ക മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 385 റൺസ് നേടിയിട്ടുണ്ട്.

” ടെസ്റ്റ് ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമായ പിച്ചാണിത്. അവർ വളരെ നന്നായി ബാറ്റ് ചെയ്തു. പ്രത്യേകിച്ച് എൽഗറും ഡീകോക്കും. ആദ്യ സെഷനിൽ വളരെയധികം റൺസ് ഞങ്ങൾ വിട്ടുകൊടുത്തു. അതിന്റെ ക്രെഡിറ്റ് അർഹിക്കുന്നത് അവർക്കാണ്. ഡീൻ എൽഗർ എത്രത്തോളം മികച്ച പ്ലേയറാണെന്ന് നമുക്കറിയാം. മികച്ച സെഞ്ചുറിയാണ് അവൻ നേടിയത്. അവന് വെല്ലുവിളിയുയർത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ” അശ്വിൻ പറഞ്ഞു.

63 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ട്ടപെട്ട ശേഷമാണ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനൊപ്പം 115 റൺസും ഡീകോക്കിനൊപ്പം 164 റൺസും കൂട്ടിച്ചേർത്ത് എൽഗാർ സൗത്താഫ്രിക്കയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്.