Skip to content

ഇങ്ങനെയുണ്ടോ ബാറ്റിങ് തകർച്ച ; 10 പന്തിൽ 3 റൺസ് എടുക്കുന്നതിനിടെ നഷ്ട്ടമായത് അഞ്ച് വിക്കറ്റ്

ബാറ്റിങ് തകർച്ചകൾ ക്രിക്കറ്റിൽ വിരളമല്ല എന്നാൽ ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ മാർഷ് കപ്പിൽ വിക്ടോറിയയും ടാസ്മാനിയയും തമ്മിൽ നടന്ന മത്സരത്തിൽ വേറെ ലെവൽ ബാറ്റിങ് തകർച്ചയ്ക്ക് ക്രിക്കറ്റ് ആരാധകർ സാക്ഷിയായി. പെർത്തിൽ നടന്ന മത്സരത്തിൽ വിക്ടോറിയക്കെതിരെ 186 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ഒരു ഘട്ടത്തിൽ 11 ഓവറും അഞ്ച് വിക്കറ്റും ബാക്കിനിൽക്കെ അഞ്ച് റൺസ് മാത്രമായിരുന്നു ടാസ്മാനിയക്ക് വേണ്ടിയിരുന്നത്.
എന്നാൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റിനൊടുവിൽ അടുത്ത പത്ത് പന്തിൽ വെറും മൂന്ന് റൺസ് കൂട്ടിച്ചേർക്കവെ ശേഷിച്ച അഞ്ച് വിക്കറ്റും ടാസ്മാനിയക്ക് നഷ്ട്ടപെടുകയും മത്സരത്തിൽ ഒരു റണ്ണിന് പരാജയപെടുകയും ചെയ്തു.

മത്സരത്തിലെ നാൽപതാം ഓവറിലെ ആദ്യ പന്തിൽ ജെയിംസ് ഫോക്നറെ പുറത്താക്കി ഫാസ്റ്റ് ബൗളർ ജാക്ക്സൺ കോൾമാനാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. അതേ ഓവറിൽ 78 റൺസ് നേടിയ ഓപ്പണർ ബെൻ മെക്ഡർമോട്ടിനെയും ഗുരീന്ദർ സന്ധുവിനെയും ജാക്ക്സൺ മടക്കി. തൊട്ടടുത്ത ഓവറിൽ ജാക്ക്സൺ ബേർഡിനെയും നേഥൻ എല്ലിസിനെയും പുറത്താക്കി പേസർ ക്രിസ് ട്രെമെയിൻ വിക്ടോറിയയെ വിജയത്തിലെത്തിച്ചു.