Skip to content

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഐ പി എൽ ; ആരോപണവുമായി ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികളാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പാകിസ്ഥാൻ പര്യടനത്തിൽ നിന്നുള്ള ശ്രീലങ്കൻ താരങ്ങളുടെ പിന്മാറ്റത്തിന് പിന്നിൽ ഇന്ത്യയാണെന്നുള്ള പാക് മിനിസ്റ്ററുടെ ആരോപണത്തിന് പുറകെയാണ് ആരോപണവുമായി അഫ്രീദിയും രംഗത്തെത്തിയിരിക്കുന്നത്.

” ഐ പി എൽ ടീമുകളുടെ സമ്മർദത്തിലാണ് ശ്രീലങ്കൻ താരങ്ങൾ. പി എസ് എല്ലിൽ പങ്കെടുക്കാൻ പാകിസ്ഥാനിൽ വരുന്നതിനെ പറ്റി ഞാൻ അവരോട് സംസാരിച്ചിരുന്നു. അന്ന് അവർ പറഞ്ഞത് വരാൻ ഞങ്ങൾ തയ്യാറാണ് എന്നാൽ പാകിസ്ഥാനിൽ പോയാൽ കോൺട്രാക്റ്റ് തരാൻ തയ്യാറല്ലെന്ന് ഐ പി എൽ ഫ്രാഞ്ചൈസികൾ പറഞ്ഞിരുന്നു. ” അഫ്രീദി പറഞ്ഞു.

എന്നാൽ പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പിന്മാറിയ 10 ശ്രീലങ്കൻ താരങ്ങളിൽ ലസിത് മലിംഗയ്ക്ക് മാത്രമാണ് ഐ പി എൽ കോണ്ട്രാക്റ്റ് ഉള്ളത്.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പാകിസ്ഥാൻ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും അതിനാൽ പര്യടനത്തിൽ പങ്കെടുക്കാൻ താരങ്ങൾക്കുമേൽ ശ്രീലങ്കൻ ക്രിക്കറ്റ് സമ്മർദ്ദം ചെലുത്താൻ തയ്യാറാകണമെന്നും അഫ്രീദി കൂട്ടിച്ചേർത്തു.