Skip to content

ടി20 ലോകകപ്പിലും ഇംഗ്ലണ്ടിനെ ഓയിൻ മോർഗൻ തന്നെ നയിക്കും

ഇംഗ്ലണ്ടിന് കന്നിലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ തന്നെ അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ടീമിനെ നയിക്കും. നേരത്തെ ലോകകപ്പ്‌ വിജയത്തിന് ഒരു മാസത്തിന് ശേഷം ടി20 ലോകകപ്പിൽ കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ലയെന്ന് മോർഗൻ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സെൻട്രൽ കരാർ ലിസ്റ്റ് പുറത്തുവിട്ടതോടെ ടി20 ലോകകപ്പിൽ മോർഗൻ ഉണ്ടായേക്കില്ല എന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.
ആഷസ് പരമ്പര നേടാൻ സാധിച്ചില്ലയെങ്കിലും ജോ റൂട്ട് തന്നെ ടെസ്റ്റ് ക്യാപ്റ്റനായി തുടരും.

ജോണി ബെയർസ്റ്റോ, ജോസ് ബട്ട്ലർ, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ്, ക്രിസ് വോക്‌സ് എന്നിവർക്കൊപ്പം ജോഫ്രാ ആർച്ചറും മൂന്ന് ഫോർമാറ്റിലെ കരാറിൽ ഇടം നേടിയപ്പോൾ മൊയീൻ അലി, ആദിൽ റഷീദ് എന്നിവർ ടെസ്റ്റ് കരാറിൽ നിന്നും പുറത്തായി. ആഷസ് പരമ്പരയിൽ 10 ഇന്നിങ്‌സിൽ നിന്നും 390 റൺസ് നേടിയ റോറി ബേൺസ് ടെസ്റ്റ് കോൺട്രാക്റ്റിൽ ഇടം നേടിയപ്പോൾ ജോ ഡെൻലി ആദ്യമായി വൈറ്റ് ബോൾ കരാറിൽ ഇടം നേടി.