Skip to content

കൂകിവിളിച്ചവർ ഒടുവിൽ കയ്യടിച്ചു ; ഇത് സ്മിത്തിന്റെ കട്ട ഹീറോയിസം

ഏഴ് ഇന്നിങ്സിൽ നിന്നും 110.57 ശരാശരിയിൽ 774 റൺസ്. ഒരു ഡബിൾ സെഞ്ചുറിയടക്കം നേടിയത് മൂന്ന് സെഞ്ചുറി ഒപ്പം മൂന്ന് ഫിഫ്റ്റിയും ഫിഫ്റ്റി നേടാതെ പുറത്തായത് ഒരേയൊരു തവണ മാത്രം. അതെ അവിശ്വസനീയ പ്രകടനമാണ് ഈ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ഒരുപക്ഷേ പരിക്ക് മൂലം മൂന്നാം മത്സരം നഷ്ട്ടപ്പെട്ടില്ലായിരുന്നുവെങ്കിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെന്ന സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് (974) പഴങ്കഥയാകുമായിരുന്നു.
എഡ്ബാസ്റ്റണിൽ സെഞ്ചുറി നേടിയപ്പോൾ പോലും ചതിയനെന്ന് കൂകിവിളിച്ച ഇംഗ്ലീഷ് ആരാധകർ എന്നാൽ ഓവലിൽ നടന്ന മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിൽ 23 റൺസ് നേടി പുറത്തായി മടങ്ങിയ സ്മിത്തിനെ കയ്യടികളോടെയാണ് എതിരേറ്റത്.

പരമ്പരയിലെ ഈ പ്രകടനത്തോടെ ഒന്നിൽ കൂടുതൽ തവണ ഒരു ടെസ്റ്റ് സീരീസിൽ 700 റൺസ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡിൽ ഡോൺ ബ്രാഡ്മാൻ, സുനിൽ ഗാവസ്‌കർ, ബ്രയാൻ ലാറ, എവർട്ടൻ വീക്‌സ്, ഗാരി സോബേഴ്‌സ് എന്നീ ഇതിഹാസ താരങ്ങൾക്കൊപ്പം സ്റ്റീവ് സ്മിത്ത് എത്തി. ഇതിനുമുൻപ് 2014-15 ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ 769 റൺസ് സ്മിത്ത് നേടിയിരുന്നു.