Skip to content

തുടർച്ചയായ ഏഴ് പന്തിൽ ഏഴ് സിക്സ് ; അഫ്ഘാൻ വെടിക്കെട്ടിൽ സിംബാബ്‌വെ തകർന്നു

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ അഫ്ഘാനിസ്ഥാന് 28 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് അഫ്ഘാനിസ്ഥാൻ ഉയർത്തിയ 198 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടാനെ സാധിച്ചുള്ളൂ.
30 പന്തിൽ 69 റൺസ് നേടിയ നജിബുള്ള സദ്രാൻ, 18 പന്തിൽ 38 റൺസ് നേടിയ മൊഹമ്മദ് നബി, 24 പന്തിൽ 43 റൺസ് നേടിയ റഹ്മനുള്ള ഗർബാസ് എന്നിവരുടെ മികവിലാണ് അഫ്ഘാനിസ്ഥാൻ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.

മത്സരത്തിലെ 16 ആം ഓവറിലെ മൂന്നാം പന്ത് മുതലാണ് തുടർച്ചയായി ഏഴ് പന്തുകളിൽ അഫ്ഘാനിസ്ഥാൻ തുടർച്ചയായി സിക്സ് പറത്തിയത്. ചടാര എറിഞ്ഞ 16 ആം ഓവറിലെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും അവാസനത്തെയും പന്തിൽ മൊഹമ്മദ് സിക്സ് പറത്തിയപ്പോൾ നെവിൽ മാഡ്സിവയെറിഞ്ഞ തൊട്ടടുത്ത ഓവറിലെ തുടർച്ചയായ ആദ്യ മൂന്ന് പന്തുകളിൽ നജീബുള്ളയും സിക്സ് പറത്തി.
നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റിന് സിംബാബ്‌വെ ബംഗ്ലാദേശിനോട് പരാജയപെട്ടിരുന്നു.