Skip to content

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകും ; പിന്തുണയുമായി മുൻ ക്യാപ്റ്റൻ

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകുമെന്ന് താൻ വിശ്വസിക്കുന്നതായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ മാർക്ക് ടെയ്ലർ. കഴിഞ്ഞ വർഷം പന്ത് ചുരണ്ടൽ വിവാദത്തിനെ തുടർന്നാണ് സ്റ്റീവ് സ്മിത്തിന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം നഷ്ട്ടമായത്. തുടർന്ന് ഒരു വർഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തിയെങ്കിലും അടുത്ത വർഷം ഏപ്രിൽ മാസത്തോടെ മാത്രമേ വീണ്ടും ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആകാൻ സാധിക്കൂ. ഡേവിഡ് വാർണർക്കാകട്ടെ ഇനിയൊരിക്കലും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകാൻ സാധിക്കില്ല.

” സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. സ്മിത്തിനും വാർണർക്കും ബാൻക്രോഫ്‌റ്റിനും ശിക്ഷ വിധിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ ബോർഡിൽ ഞാനും അംഗമായിരുന്നു. തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ട് അവൻ ഒരു മികച്ച ക്യാപ്റ്റനാകുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. ” മാർക്ക് ടെയ്ലർ പറഞ്ഞു.

ടെയ്ലറിനെ കൂടാതെ മുൻ ക്യാപ്റ്റന്മാരായ ഇയാൻ ചാപ്പലും റിക്കി പോണ്ടിങും വിലക്കിന് ശേഷം സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനായി പരിഗണിക്കുന്ന തീരുമാനത്തെ പിന്തുണച്ചിരുന്നു.

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ മോശം തീരുമാനങ്ങളെ തുടർന്ന് നിരവധി വിമർശനങ്ങൾ നിലവിലെ ക്യാപ്റ്റനായ ടിം പെയ്നെതിരെ ഉയർന്നുവന്നിരുന്നുവെങ്കിലും നാലാം ടെസ്റ്റിലെ തകർപ്പൻ വിജയത്തോടെ പെയ്ൻ വിമർശകർക്ക് മറുപടി നൽകിയിരുന്നു.