Skip to content

ഹാട്രിക് നേടി ജസ്പ്രീത് ബുംറ, വീണ്ടും അഞ്ച് വിക്കറ്റ് നേട്ടം ; വെസ്റ്റിൻഡീസ് വിറക്കുന്നു

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് സ്കോറിന് മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ആതിഥേയരായ വെസ്റ്റിൻഡീസ് ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 87 റൺസ് നേടിയിട്ടുണ്ട്. ഒമ്പതോവറിൽ 16 റൺസ് മാത്രം വഴങ്ങി ഹാട്രിക് ഉൾപ്പെടെ ആറ്‌ വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് വെസ്റ്റിൻഡീസിനെ തകർത്തത്.

ഒമ്പതാം ഓവറിൽ ഡാരൻ ബ്രാവോ,ഷാമാർ ബ്രൂക്ക്സ്, റോസ്റ്റൺ ചേസ് എന്നിവരെ പുറത്താക്കിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി ബുംറ മാറിയത്. 13 ആം ഓവറിൽ ക്രൈയ്ഗ് ബ്രാത്വെയ്റ്റിനെ പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടവും ബുംറ സ്വന്തമാക്കി.

34 റൺസ് നേടിയ ഹെറ്റ്മയർ മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.

നേരത്തെ ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ഹനുമാ വിഹാരി, ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി, ഇഷാന്ത് ശർമ്മ, മായങ്ക് അഗർവാൾ എന്നിവരുടെ മികവിലാണ് ഇന്ത്യ 416 എന്ന മികച്ച സ്കോർ നേടിയത്.