Skip to content

അത് ഞാൻ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സ് ; സ്റ്റോക്‌സിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സാണ് ലീഡ്സിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് കാഴ്ച്ചവെച്ചതെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. സ്റ്റോക്‌സ് കാഴ്ച്ചവെച്ചത് അവിശ്വസനീമായ പ്രകടനമായിരുന്നുവെന്നും മത്സരത്തിൽ തിരിച്ചെത്താനുള്ള അവസരങ്ങൾ ബൗളർമാർ നൽകിയെങ്കിലും ബെൻ സ്റ്റോക്‌സിന്റെ മികവിന് മുൻപിൽ അവയെല്ലാം പരാജയപെട്ടുവെന്നും മത്സരശേഷം പെയ്ൻ പറഞ്ഞു.

219 പന്തിൽ 11 ഫോറും എട്ട് സിക്സുമടക്കം 135 റൺസ് നേടി പുറത്താകാതെ നിന്ന ബെൻ സ്റ്റോക്‌സ് ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. 286 റൺസ് എടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റ് നഷ്ട്ടപെട്ട് ഏറെക്കുറെ പരാജയം ഉറപ്പിച്ച ശേഷമായിരുന്നു പത്താം വിക്കറ്റിൽ ജാക്ക് ലീച്ചുമായി 76 റൺസ് കൂട്ടിച്ചേർത്ത് ബെൻ സ്റ്റോക്‌സ് ടീമിനെ ചരിത്രവിജയത്തിച്ചത്. 17 പന്തിൽ ഒരു റൺ മാത്രമായിരുന്നു മത്സരം അവസാനിക്കുമ്പോൾ ലീച്ചിന്റെ സമ്പാദ്യം.

” ബെൻ സ്റ്റോക്‌സ് എപ്പോഴും ഭയപ്പെടേണ്ട താരമാണ് വാലറ്റക്കാർക്കൊപ്പം മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ അവന് സാധിക്കും. മികച്ചൊരു ടെസ്റ്റ് മത്സരമായിരുന്നു ഇത്. എന്നാൽ ലോകം അവസാനിച്ചിട്ടില്ല. പരമ്പരയിൽ തിരിച്ചെത്താൻ ഞങ്ങൾക്ക് ഇനിയും അവസരങ്ങളുണ്ട്. ” ടിം പെയ്ൻ കൂട്ടിച്ചേർത്തു.