Skip to content

രക്ഷകരായി ലാബുഷെയിനും ട്രാവിസ് ഹെഡും ; ആഷസ് രണ്ടാം ടെസ്റ്റ് സമനിലയിൽ

ലോർഡ്സിൽ നടന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരം സമനിലയിൽ കലാശിച്ചു. 267 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തിൽ 47 ന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ തോൽവിയെ അഭിമുഖീകരിച്ചുവെങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന മാർനസ് ലാബുഷെയിനും ട്രാവിസ് ഹെഡും ടീമിനെ പരാജയത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ 85 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. നാലാം ദിനത്തിൽ പരിക്കേറ്റ് പുറത്തായ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി അഞ്ചാം ദിനത്തിൽ കളിക്കാനിറങ്ങിയ ലാബുഷെയിൻ 59 റൺസ് നേടിയാണ് പുറത്തായത്.

ട്രാവിസ് ഹെഡ് 42 റൺസ് നേടി പുറത്താകാതെ നിന്നു. മത്സരം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ ആറ്‌ വിക്കറ്റ് നഷ്ട്ടത്തിൽ 154 റൺസ് നേടിയിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചറും ജാക്ക് ലീച്ചും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ രണ്ടാം ഇന്നിങ്സിൽ ബെൻ സ്റ്റോക്‌സിന്റെ സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ സ്വന്തമാക്കിയത്. സ്റ്റോക്‌സാണ് പ്ലേയർ ഓഫ് ദി മാച്ച്.