Skip to content

ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 349 മത്സരത്തിൽ നിന്നും 18672 റൺസ് നേടിയ ഹാഷിം അംല ജാക്ക് കാലിസിനും എ ബി ഡിവില്ലിയേഴ്സിനും ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സൗത്താഫ്രിക്കൻ ബാറ്റ്സ്മാനാണ്. 124 ടെസ്റ്റ് മത്സരത്തിൽ നിന്നും 9282 റൺസ് നേടിയ അംല ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ  സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ കൂടിയാണ്. 41 ഫിഫ്റ്റിയും 28 സെഞ്ചുറിയും ടെസ്റ്റ് ക്രിക്കറ്റിൽ അംല നേടിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിൽ 181 മത്സരത്തിൽ നിന്നും 49.47 ശരാശരിയിൽ 8113 റൺസ് നേടിയ ഹാഷിം അംല 39 ഫിഫ്റ്റിയും 27 സെഞ്ചുറിയും സൗത്താഫ്രിക്കയ്ക്ക് വേണ്ടി നേടിയിട്ടുണ്ട്. സച്ചിനും റിക്കി പോണ്ടിങിനും വിരാട് കോഹ്ലിക്കും സംഗക്കാരയ്ക്കുമൊപ്പം ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും 25 ൽ കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനാണ് ഹാഷിം അംല. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000, 3000, 4000, 5000, 6000, 7000 റൺസ് പൂർത്തിയാക്കിയ ബാറ്റ്സ്മാനെന്ന നേട്ടവും ഈ 36 കാരന്റെ പേരിലാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചുവെങ്കിലും വിവിധ ടി20 ലീഗുകളിൽ ഹാഷിം അംല കളിക്കും.