Skip to content

ഫിഫ്റ്റിയുമായി കോഹ്ലിയും റിഷാബ് പന്തും ; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇതോടെ മൂന്ന് ടി20 പരമ്പര 3-0 ന് കോഹ്ലിയും കൂട്ടരും സ്വന്തമാക്കി. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 42 പന്തിൽ 65 റൺസ് നേടി പുറത്താകാതെ നിന്ന റിഷാബ് പന്തും 45 പന്തിൽ 59 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. മത്സരത്തിൽ 37 പന്തിൽ ഫിഫ്റ്റി നേടിയ റിഷാബ് പന്തിന്റെ ബാറ്റിൽ നിന്നും നാല് ഫോറും നാല് സിക്സും പിന്നു.

വെസ്റ്റിൻഡീസിന് വേണ്ടി ഓഷെയ്ൻ തോമസ് രണ്ട് വിക്കറ്റും ഫാബിയൻ അലൻ ഒരു വിക്കറ്റും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ 45 പന്തിൽ 58 റൺസ് നേടിയ പൊള്ളാർഡാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചഹാർ മൂന്നോവറിൽ നാല് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.