ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ രണ്ടാം സെഞ്ചുറിയോടെ വീണ്ടും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 25 സെഞ്ചുറി പൂർത്തിയാക്കിയ സ്റ്റീവ് സ്മിത്ത് ഡോൺ ബ്രാഡ്മാന് ശേഷം ഏറ്റവും വേഗത്തിൽ 25 സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തം പേരിലാക്കി. 119 ഇന്നിങ്സിൽ നിന്നാണ് സ്മിത്ത് തന്റെ 25 ആം ടെസ്റ്റ് സെഞ്ചുറി നേടിയത്. വിരാട് കോഹ്ലിയാകട്ടെ ഈ നേട്ടം കുറിച്ചത് 127 ആം ഇന്നിങ്സിലാണ്. 68 ഇന്നിങ്സിൽ നിന്നാണ് ഡോൺ ബ്രാഡ്മാൻ 25 സെഞ്ചുറി നേടിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25 സെഞ്ചുറി നേടിയവർ
സർ ഡോൺ ബ്രാഡ്മാൻ – 68 ഇന്നിങ്സ്
സ്റ്റീവ് സ്മിത്ത് – 119 ഇന്നിങ്സ്
വിരാട് കോഹ്ലി – 127 ഇന്നിങ്സ്
സച്ചിൻ ടെണ്ടുൽക്കർ – 130 ഇന്നിങ്സ്
സുനിൽ ഗവാസ്കർ – 138 ഇന്നിങ്സ്
മാത്യൂ ഹെയ്ഡൻ – 139 ഇന്നിങ്സ്