Skip to content

സച്ചിൻ രമേഷ് ടെണ്ടുൽക്കർ സ്വാർത്ഥനായ കളിക്കാരനായിരുന്നോ ??

സച്ചിൻ ടെൺടുൽക്കറെ വിമർശിക്കാൻ വിമർശകർ അവസാനമായി ഉപയോഗിക്കുന്ന പോയിന്റ് ആണ് സച്ചിൻ തൻറെ ഇന്നിംഗ്സിൽ 80 റൺസ് കഴിഞ്ഞാൽ പിന്നെ മുട്ടി കളിക്കും, അത് സെഞ്ച്വറി തികയ്ക്കാൻ വേണ്ടി ആണെന്നും. വ്യക്തിഗതമായ റെക്കോഡുകളാണ് എന്നും സച്ചിന് പ്രധാനമെന്ന് പറയുന്നവരെ നമുക്ക് തള്ളി കളയാം. സച്ചിൻ കളിക്കുന്നത് കണ്ടിട്ടുള്ള സച്ചിന്റെ ക്രിക്കറ്റിനോടുള്ള ആത്മാർത്ഥതയും സമർപ്പണബോധവും അറിയുന്ന ആരും അങ്ങനെ ഒരു വാദം ഉയർത്തില്ല. പക്ഷേ സച്ചിനെ ഇഷ്ടപ്പെടുന്നവർ എന്ന് സ്വയം അവകാശപ്പെടുന്നവർ തന്നെ ഈ 80 കഴിഞ്ഞാൽ സച്ചിൻ മുട്ടി കളിയാണെന്ന വാദം കൊണ്ട് വരുന്പോൾ അതിന്റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കാമെന്ന് കരുതി. തെറ്റിദ്ധാരണ മൂലം ആണെങ്കിലോ. അത് മാറ്റാമല്ലോ.

2001നു ശേഷമുളള 21 സെഞ്ച്വറികളാണ് പരിശോധിച്ചത്. (സച്ചിന്റെ അവസാന സമയങ്ങളിലെ ചില കളികളാണ് ഇങ്ങനെ ഒരു വാദത്തിന് കാരണമായതെന്ന് തോന്നുന്നു). ഈ 21 സെഞ്ച്വറികൾ മുഴുമിപ്പിക്കുന്നതിനിടയിൽ 4 തവണ മാത്രം ആണ് 80 റണ്സിന് ശേഷം സെഞ്ച്വറി എത്താൻ സച്ചിന്റെ സ്ട്രൈക് റേറ്റ് കുറഞ്ഞതായി കാണാൻ സാധിച്ചത്. ബാക്കി 17 അവസരങ്ങളിലും സ്ട്രൈക് റേറ്റ് 80 റൺസിന് ശേഷം കൂടുകയോ അത് വരെ കളിച്ച രീതിയിൽ നിലനിർത്തുകയോ ചെയ്യുകയാണ് ഉണ്ടായിട്ടുള്ളത് എന്ന് കാണാം. സ്ട്രൈക് റേറ്റ് കുറഞ്ഞ ആ നാല് ഇന്നിംഗ്സുകളും നമുക്ക് പരിശോധിക്കാം.

1. ഓസ്ട്രേലിയക്കെതിരെ 119 പന്തുകളിൽ 100 റൺസെടുത്ത ഇന്നിംഗ്സ്. 87 പന്തുകളിൽ 92 സ്ട്രൈക് റേറ്റിലാണ് സച്ചിൻ 80 റൺസ് തികച്ചത്. പിന്നീടുള്ള 20 റൺസ് എടുക്കാൻ 29 പന്തുകൾ എടുക്കുകയും ചെയ്തു. സ്ട്രൈക് റേറ്റ് 69. കളിവേഗത കുറഞ്ഞു. അന്ന് ഇന്ത്യ ജയിക്കുകയും സച്ചിൻ മാൻ ഓഫ് ദ മാച്ച് ആവുകയും ചെയ്തിരുന്നു.

2. സൗത്താഫ്രിക്കക്കെതിരെ ഡബിൾ സെഞ്ച്വറി അടിച്ച ഇന്നിംഗ്സ്. അന്ന് 147 പന്തുകളിൽ 200 റൺസ് എടുത്ത് നോട്ടൗട്ട് ആയി നിന്നതാണല്ലോ. അന്ന് സച്ചിൻ 62 പന്തുകളിലാണ് 80 റൺ നേടിയത്. 129 സ്ട്രൈക് റേറ്റ് ഉണ്ടായിരുന്നു. അവിടെ നിന്ന് 100 തികയ്ക്കാൻ സച്ചിൻ 28 പന്തുകൾ എടുത്തു. 28 പന്തുകളിൽ 20 റൺസ്. സ്ട്രൈക് റേറ്റ് 72 ആയി കുറഞ്ഞു. ആ കളി ഇന്ത്യ വിജയിക്കുകയും സച്ചിന് മാൻ ഓഫ് ദ മാച്ച് അവാര്‍ഡ് കിട്ടുകയും ചെയ്തു.

3. അടുത്ത ഇന്നിംഗ്സും സൗത്ത് ആഫ്രിക്കക്കെതിരെ ആയിരുന്നു. 2011ലെ ലോകകപ്പ് മത്സരം. 101 പന്തുകളിൽ 111 റൺസ് എടുത്തിരുന്നു അന്ന് സച്ചിൻ. 63 പന്തുകളിൽ 127 സ്ട്രൈക് റേറ്റോടെ ആണ് സച്ചിൻ 80 റൺസ് നേടിയത്. അന്നും അടുത്ത 20 റൺസ് എടുക്കാൻ 29 പന്തുകളെടുത്തു. 127ൽ നിന്ന് 69ലേക്ക് സ്ട്രൈക് റേറ്റ് കുറഞ്ഞു. അന്ന് ബാക്കിയുള്ള ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പിടിപ്പുകേട് കാരണം 350 എൻകിലും എത്തേണ്ടിയിരുന്ന സ്കോർ 296ൽ ഒതുങ്ങിയത് ആരും മറന്നു കാണില്ല എന്ന് കരുതുന്നു. ആ കളി ഇന്ത്യ തോറ്റു.

4. അടുത്തത് ബംഗ്ലാദേശിനെതിരെയുള്ള ഇന്നിംഗ്സ് ആണ്. നൂറാം സെഞ്ച്വറി തികച്ച ഇന്നിംഗ്സ്. സച്ചിന്റെ മോശം ഇന്നിംഗ്സുകളിൽ ഒന്ന് എന്ന് കരുതപ്പെടുന്ന ഇന്നിംഗ്സ്. സ്വതവേ മെല്ലെ ആയിരുന്നു സച്ചിന്റെ കളി. 78 സ്ട്രൈക് റേറ്റിൽ 102 പന്തുകളിലാണ് സച്ചിൻ അന്ന് 80 റൺസിലെത്തിയത്. അവിടെ നിന്ന് 100 എത്തുന്പോഴേക്കും 36 പന്തുകൾ കൂടി സച്ചിൻ കളിച്ചു. സ്ട്രൈക് റേറ്റ് 78ൽ നിന്ന് 56ലേക്ക് കുറഞ്ഞ സമയം. അന്ന് സച്ചിന്റെ മെല്ലെപ്പോക്ക് കളിയെ ബാധിച്ചിരുന്നു. ഇന്ത്യ നേടേണ്ടിയിരുന്ന ടോട്ടൽ നേടിയില്ല. മത്സര ഫലം പരാജയം.

ഇതാണ് സച്ചിന്റെ 80ൽ നിന്ന് 100ലേക്കുള്ള മുട്ടി കളി അഥവാ മെല്ലെപ്പോക്ക് കഥയുടെ വസ്തുത. വെറും നാല് ഇന്നിംഗ്സുകളുടെ കാരണത്തിൽ.

ഇത് സെഞ്ച്വറി തികച്ചപ്പോഴുള്ള കാര്യം. ഇനി സെഞ്ച്വറി തികയ്ക്കാതെ ഔട്ട് ആയി പോകുന്ന കാര്യത്തിലോ? അവിടെയും സച്ചിൻ സ്വാർത്ഥനായിരുന്നോ? അത് നോക്കിയാലോ?….

തുടരും…..

Shaheen Ummalil