Skip to content

യൂണിവേഴ്‌സൽ ബോസിനെ മറികടക്കാൻ ഹിറ്റ്മാൻ ; ഇനി വേണ്ടത് നാല് സിക്സ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. മത്സരത്തിൽ നാല് സിക്സ് കൂടെ നേടാൻ സാധിച്ചാൽ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടം രോഹിത് ശർമ്മയ്ക്ക് സ്വന്തമാക്കാം. ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഹിറ്റ്മാൻ. 58 മത്സരത്തിൽ നിന്നും 105 സിക്സ് നേടിയ യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയ്‌ലും 76 മത്സരത്തിൽ നിന്നും 103 സിക്സ് നേടിയ ന്യൂസിലാൻഡ് ബാറ്റ്സ്മാൻ മാർട്ടിൻ ഗപ്റ്റിലുമാണ് രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്.

നിലവിൽ ഇതുവരെ 94 മത്സരത്തിൽ നിന്നും 102 സിക്സ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. നാല് സെഞ്ചുറിയും 16 ഫിഫ്റ്റിയുമടക്കം 2331 റൺസ് നേടിയ രോഹിത് ശർമ്മ ഈ ഫോർമാറ്റിൽ ഏറ്റവും റൺസ് നേടുന്ന ബാറ്റ്സ്മാനും കൂടിയാണ്.