Skip to content

സാൻഡ്പേപ്പറും മുഖംമൂടിയുമായി ഇംഗ്ലീഷ് ആരാധകർ ; തകർപ്പൻ സെഞ്ചുറിയിലൂടെ സ്റ്റീവ് സ്മിത്തിന്റെ മറുപടി

സാൻഡ്പേപ്പറും മുഖംമൂടിയുമായി കൂവാനെത്തിയ ഇംഗ്ലണ്ട് ആരാധകർക്ക് തകർപ്പൻ സെഞ്ചുറിയിലൂടെ മറുപടി നൽകി സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ ഓപണിങ് ഇറങ്ങിയ ബാൻക്രോഫ്റ്റിനെയും ഡേവിഡ് വാർണറിനെയും കൂവിയാണ് ഇംഗ്ലണ്ട് ആരാധകർ എതിരേറ്റത്. രണ്ട് റൺ മാത്രം നേടി വാർണറും എട്ട് റൺ നേടി ബാൻക്രോഫ്റ്റും പുറത്തായപ്പോൾ കയ്യിൽ കരുതിയ സാൻഡ്പേപ്പർ ഉയർത്തികാണിച്ചായിരുന്നു ഇംഗ്ലീഷ് ആരാധകർ ആഹ്ലാദം പ്രകടിപ്പിച്ചത്. സ്കോർ 18 ൽ നിൽക്കെ നാലാമനായി സ്റ്റീവ് സ്മിത്ത് ഇറങ്ങിയപ്പോൾ കൂവൽ പതിവിലും ശക്തിയായി.

പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സ്മിത്ത് കരയുന്ന മുഖംമൂടിയുമായാണ് ചില ഇംഗ്ലീഷ് ആരാധകർ എത്തിയത്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ലയെന്ന മട്ടിലായിരുന്നു സ്റ്റീവ് സ്മിത്ത്. ഒരു ഭാഗത്ത് വിക്കറ്റ് വീഴുമ്പോഴും സ്റ്റീവ് സ്മിത്ത് രക്ഷകനായി പിടിച്ചുനിന്നു.

122 റൺസിനിടെ എട്ട് വിക്കറ്റുകൾ നഷ്ട്ടമായ പിന്നീട് ക്രീസിൽ എത്തിയ സിഡിലിനൊപ്പം ഒമ്പതാം വിക്കറ്റിൽ 88 റൺസും നഥാൻ ലയനൊപ്പം 74 റൺസും സ്റ്റീവ് സ്മിത്ത് കൂട്ടിച്ചേർത്തു. മത്സരത്തിൽ തന്റെ ടെസ്റ്റ് കരിയറിലെ 24 ആം സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് മത്സരത്തിൽ 216 പന്തിൽ 16 ഫോറും രണ്ട് സിക്സുമടക്കം 144 റൺസ് നേടിയാണ് പുറത്തായത്.