Skip to content

രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം ; ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ബംഗ്ലാദേശ് ഉയർത്തിയ 239 റൺസിന്റെ വിജയലക്ഷ്യം 44.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ശ്രീലങ്ക മറികടന്നു. 75 പന്തിൽ 82 റൺസ് നേടിയ അവിഷ്കാ ഫെർണാണ്ടോ, 57 പന്തിൽ 52 റൺസ് നേടിയ ഏഞ്ചലോ മാത്യൂസ്, 74 പന്തിൽ 41 റൺസ് നേടിയ കുശാൽ മെൻഡിസ് എന്നിവരുടെ മികവിലാണ് അനായാസ വിജയം ശ്രീലങ്ക സ്വന്തമാക്കിയത്. നീണ്ട 44 മാസങ്ങൾക്ക് ശേഷമാണ് സ്വന്തം നാട്ടിൽ ശ്രീലങ്ക ഒരു ഏകദിന പരമ്പര നേടുന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 110 പന്തിൽ പുറത്താകാതെ 98 റൺസ് നേടിയ മുഷ്ഫിഖുർ റഹ്മാനാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. 49 പന്തിൽ 43 റൺസ് നേടിയ മേഹിദി ഹസൻ മാത്രമാണ് മുഷ്ഫിഖുറിന് പുറമെ ബംഗ്ലാദേശിന് വേണ്ടി അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.