Skip to content

വെസ്റ്റിൻഡീസ് പര്യടനത്തിൽ നിന്നും ധോണി പിന്മാറി

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എം എസ് ധോണി പര്യടനത്തിൽ നിന്നും പിന്മാറി. ലോകകപ്പിന് ശേഷം രണ്ട് മാസം വിശ്രമം ധോണിയുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ഈ രണ്ട് മാസം ടെറിട്ടോറിയൽ ആർമിയ്ക്കൊപ്പം ധോണി പ്രവർത്തിക്കും. ഇതോടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നുള്ള അഭ്യൂഹങ്ങൾക്ക് തൽക്കാലിക വിരാമമായി. ധോണിയുടെ അഭാവത്തിൽ യുവതാരം റിഷാബ് പന്തായിരിക്കും ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പറാവുക. അടുത്ത ടി20 ലോകകപ്പ് വരെ ധോണി ഇന്ത്യൻ ടീമിൽ തുടരുമെന്നാണ് സൂചനകൾ.

മൂന്ന് ടി20 മത്സരവും അത്രതന്നെ ഏകദിന മത്സരവും രണ്ട് ടെസ്റ്റും അടങ്ങുന്ന പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുന്നത്. വിരാട് കോഹ്ലി തന്നെയാകും ഇന്ത്യൻ ടീമിനെ മൂന്ന് പരമ്പരയിലും നയിക്കുകയെന്നാണ് സൂചനകൾ.