Skip to content

സൂപ്പർ ഫൈനൽ ; ലോകകപ്പിൽ മുത്തമിട്ട് ഇംഗ്ലണ്ട്

അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. 241 റൺസ് നേടി സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരം സൂപ്പറോവറിലും സമനിലയിൽ അവസാനിച്ചതോടെ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു. സൂപ്പറോവറിലെ അവസാന പന്തിൽ രണ്ട് റൺസ് വേണമെന്നിരിക്കെ വിജയം നേടാനുള്ള മാർട്ടിൻ ഗപ്റ്റിലിന്റെ ശ്രമം റണ്ണൗട്ടിൽ കലാശിക്കുകയായിരുന്നു.

സൂപ്പറോവറിൽ ബോൾട്ടിനെതിരെ 15 റൺസ് സ്റ്റോക്‌സും ബട്ട്ലറും ചേർന്ന് അടിച്ചുകൂട്ടി. 16 റൺസിന്റെ വിജയലക്ഷ്യവുമായാണ് നീഷമും ഗപ്റ്റിലും ഇറങ്ങിയത്. ആർച്ചർ എറിഞ്ഞ ആദ്യ പന്ത് അമ്പയർ വൈഡ് വിധിക്കുകയും തൊട്ടടുത്ത പന്തിൽ നീഷം രണ്ട് റൺസ് ഓടിയെടുക്കുകയും ചെയ്തു. തൊട്ടടുത്ത പന്തിൽ നീഷം സിക്സ് പറത്തി കിവികൾക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും മനസാന്നിദ്ധ്യം കൈവിടാതെ പന്തെറിഞ്ഞ ആർച്ചർ സൂപ്പറോവറും സമനിലയിൽ അവസാനിപ്പിച്ചു.

242 റൺസിന്റെ വിജയലക്ഷ്യം പിൻതുടരവെ 86 ന് നാല് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ 98 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയ ബെൻ സ്റ്റോക്സും 60 പന്തിൽ 89 റൺസ് നേടിയ ജോസ് ബട്ട്ലറും ചേർന്നാണ് പരാജയത്തിന്റെ വക്കിൽ നിന്നും കരകയറ്റിയത്. ബെൻ സ്റ്റോക്‌സാണ് മത്സരത്തിലെ താരം.