Skip to content

എപ്പോഴും കോഹ്ലിയെയും രോഹിത് ശർമ്മയെയും ആശ്രയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല ; സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ പരാജയത്തിൽ നിരാശ രേഖപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ബാറ്റിങ്ങിൽ എപ്പോഴും രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും ആശ്രയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നും മറ്റു കളിക്കാർക്കും അവരുടെതായ ഉത്തരവാദിത്വം ഉണ്ടെന്നും മത്സരശേഷം സച്ചിൻ പറഞ്ഞു.

” യാതൊരു സംശയവും കൂടാതെ 240 എന്ന ടോട്ടൽ ചേസ് ചെയ്യുവാൻ നമുക്ക് സാധിക്കുമായിരുന്നു. അതൊരിക്കലും ബിഗ് ടോട്ടലല്ല. സ്വപ്ന തുല്യമായ തുടക്കമാണ് ന്യൂസിലാൻഡിന് ലഭിച്ചത്. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തുവാൻ അവർക്ക് സാധിച്ചു. ഒരു മികച്ച തുടക്കത്തിനായി എപ്പോഴും രോഹിത് ശർമ്മയെയും തുടർന്ന് മികച്ച അടിത്തറയൊരുക്കാൻ വിരാട് കോഹ്ലിയെയും എപ്പോഴും ആശ്രയിക്കാൻ നമുക്ക് സാധിക്കില്ല. അവർക്ക് ചുറ്റുമുള്ള കളിക്കാർക്കും ഉത്തരവാദിത്വമുണ്ട്. ” സച്ചിൻ പറഞ്ഞു.

എപ്പോഴും മത്സരം ധോണി ഫിനിഷ് ചെയ്യുമെന്ന് പ്രതീക്ഷിക്കരുതെന്നും മത്സരത്തിൽ ന്യൂസിലാൻഡ് ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നും കെയ്ൻ വില്യംസന്റെ ക്യാപ്റ്റൻസി അതി ഗംഭീരമായിരുന്നുവെന്നും സച്ചിൻ കൂട്ടിച്ചേർത്തു.