Skip to content

ലോകകപ്പ് സെമി ; ആ വമ്പൻ നേട്ടത്തിന് രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് 27 റൺസ്

തകർപ്പൻ പ്രകടനമാണ് ഈ ലോകകപ്പിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നിരവധി റെക്കോർഡുകളും ഈ ലോകകപ്പിൽ രോഹിത് ശർമ്മ സ്വന്തം പേരിലാക്കി. എട്ട് ഇന്നിങ്സിൽ നിന്നും 92.43 ശരാശരിയിൽ 647 റൺസ് ഈ ലോകകപ്പിൽ രോഹിത് ശർമ്മ അടിച്ചുകൂട്ടി. ടൂർണമെന്റിൽ അഞ്ച് സെഞ്ചുറികൾ നേടിയ രോഹിത് ശർമ്മ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ മറ്റൊരു ചരിത്രനേട്ടമാണ് രോഹിത് ശർമ്മയെ കാത്തിരിക്കുന്നത്. 27 റൺസ് കൂടെ നേടുവാൻ സാധിച്ചാൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് രോഹിത് ശർമ്മയ്ക്ക് സ്വന്തം പേരിലാക്കാം. 2003 ലോകകപ്പിൽ 673 റൺസ് നേടിയായിരുന്നു സച്ചിൻ ഈ നേട്ടം സ്വന്തമാക്കിയത്.