Skip to content

ഏഴ് വിക്കറ്റ് നേട്ടവുമായി എലിസ് പെറി ; ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 194 റൺസിന്റെ വിജയം

വുമൺസ് ആഷസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 194 റൺസിന്റെ വമ്പൻ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 270 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 32.5 ഓവറിൽ 75 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. പത്തോവറിൽ 22 റൺസ് മാത്രം വഴങ്ങി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ എലിസ് പെറിയാണ് ഇംഗ്ലണ്ടിനെ തകർത്തത്. മൂന്ന് താരങ്ങൾക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്. ഏകദിനത്തിൽ ഒരു ഓസ്‌ട്രേലിയൻ വനിതയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന നേട്ടവും പെറി മത്സരത്തോടെ സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 68 പന്തിൽ 69 റൺസ് നേടിയ ക്യാപ്റ്റൻ മേഗ് ലാന്നിങിന്റെയും 66 പന്തിൽ 68 റൺസ് നേടിയ അലിസ ഹീലിയുടെയും മികവിലാണ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 269 റൺസ് നേടിയത്.

പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരത്തിലും ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു . ഇനി നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തിലും മൂന്ന് ട്വന്റി20യിലും വിജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് ആഷസ് തിരിച്ചുപിടിക്കാൻ സാധിക്കൂ.