Skip to content

ഇന്ത്യ ശ്രീലങ്ക പോരാട്ടം ; രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ഈ ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി വൈസ് ക്യാപ്റ്റനും ഓപണിങ് ബാറ്റ്സ്മാനുമായ രോഹിത് ശർമ്മ കാഴ്ച്ചവെയ്ക്കുന്നത്. ഏഴ് ഇന്നിങ്സിൽ 544 റൺസ് ടൂർണമെന്റിൽ രോഹിത് ശർമ്മ അടിച്ചുകൂട്ടി. സെമിഫൈനലിന് മുൻപായി അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോൾ രോഹിത് ശർമ്മയെ കാത്തിരിക്കുന്ന റെക്കോർഡുകൾ ഏതൊക്കെയെന്ന് നോക്കാം.

1. ഈ ലോകകപ്പിൽ നാല് സെഞ്ചുറികൾ രോഹിത് ശർമ്മ നേടിയിട്ടുണ്ട്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ നിലവിൽ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയ്ക്കൊപ്പമാണ് രോഹിത് ശർമ്മ. ഒരു സെഞ്ചുറി നേടാൻ സാധിച്ചാൽ സംഗക്കാരയെ മറികടന്ന് ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം ഹിറ്റ്മാന് സ്വന്തമാക്കാം.

2. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് നിലവിൽ രോഹിത് ശർമ. ഈ ലോകകപ്പിൽ 606 റൺസ് നേടിയ ഷാക്കിബ്‌ അൽ ഹസനാണ് ഈ നേട്ടത്തിൽ ഏറ്റവും മുൻപിലുള്ളത്. ശ്രീലങ്കയ്ക്കെതിരെ 63 റൺസ് കൂടെ നേടാൻ സാധിച്ചാൽ ഷാക്കിബിനെ പിന്നിലാക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും. 2003 ലോകകപ്പിൽ 586 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറും 2007 ലോകകപ്പിൽ 580 റൺസ് നേടിയ മാത്യു ഹെയ്ഡനുമാണ് നിലവിൽ ഷാക്കിബിന് പുറകിലുള്ളത്.

3. ഇനി അവശേഷിക്കുന്ന മത്സരങ്ങളിൽ 129 റൺസ് നേടാൻ സാധിച്ചാൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് രോഹിത് ശർമ്മയ്ക്ക് സ്വാന്തമാക്കാം. 2003 ലോകകപ്പിൽ 673 റൺസാണ് സച്ചിൻ അടിച്ചുകൂട്ടിയത്. 2007 ൽ 659 റൺസ് നേടിയ മാത്യൂ ഹെയ്ഡൻ, ഈ ലോകകപ്പിൽ 606 റൺസ് നേടിയ ഷാക്കിബ്‌ എന്നിവരാണ് രോഹിത് ശർമ്മയ്ക്ക് പുറകിലുള്ളത്.