Skip to content

റായുഡുവിന്റെ അപ്രതീക്ഷിത വിരമിക്കൽ ; സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ

അമ്പാട്ടി റായുഡുവിന്റെ അപ്രതീക്ഷിത വിരമിക്കലിനു പുറകെ ഇന്ത്യൻ സെലക്ടർമാർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിലെ ലോകസഭ എം പി യുമായ ഗൗതം ഗംഭീർ. ഈ ലോകകപ്പിൽ ഇന്ത്യൻ സെലക്ടർമാർ പാടെ നിരാശരാക്കിയെന്നും റായുഡുവിന്റെ വിരമിക്കലിന് പിന്നിലെ കാരണം അവരുടെ തീരുമാനങ്ങളാണെന്നും സെലക്ഷൻ പാനലിലെ അഞ്ചുപേരും കൂടി നേടിയതിനേക്കാൾ കൂടുതൽ റൺസ് ക്രിക്കറ്റ് കരിയറിൽ റായുഡു നേടിയിട്ടുണ്ടെന്നും ഗംഭീർ പറഞ്ഞു.

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച റായുഡു ഏറെക്കുറേ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചിരുന്നുവെങ്കിലും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെയും ഐ പി എല്ലിലെയും മോശം പ്രകടനം തിരിച്ചടിയാവുകയായിരുന്നു. ശിഖാർ ധവാനും വിജയ് ശങ്കറും പരിക്ക് മൂലം പുറത്തായെങ്കിലും അവർക്ക് പകരക്കാരായി റായുഡുവിനെ പരിഗണിക്കാനും ബിസിസിഐ തയ്യാറായില്ല.

റായുഡു വിരമിച്ചതിൽ വിഷമമുണ്ടെന്നും റായുഡുവിന്റെ സ്ഥാനത്ത് ആരായിരുന്നാലും പകരക്കാരായി മായങ്ക് അഗർവാളിനെയും റിഷാബ് പന്തിനെയും പരിഗണിച്ചതിൽ മോശമായി തോന്നുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

55 ഏകദിന മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച റായുഡു 47.05 ശരാശരിയിൽ മൂന്ന് സെഞ്ചുറിയും 10 ഫിഫ്റ്റിയുമടക്കം 1694 റൺസ് നേടിയിട്ടുണ്ട്.