Skip to content

അമ്പാട്ടി റായുഡു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായുഡു അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിൽ നിന്നും വിരമിച്ചു. ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്ന് പരസ്യമായി പ്രതികരിച്ച റായുഡുവിനെ പരിക്ക് മൂലം ശിഖാർ ധവാനും വിജയ് ശങ്കറും ലോകകപ്പിൽ നിന്നും പുറത്തായിട്ടും ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. റിഷാബ് പന്തും മായങ്ക് അഗർവാൾളുമാണ് ഇരുവർക്കും പകരക്കാരായി ഇന്ത്യൻ ടീമിലെത്തിയത്. വിരമിക്കലിന് പിന്നിലെ യഥാർത്ഥ കാരണം റായുഡു വെളിപ്പെടുത്തിയിട്ടില്ലയെങ്കിലും ഈ അവഗണന തന്നെയാണ് ഈ അപ്രതീക്ഷ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

2013 ൽ സിംബാബ്‌വെയ്ക്കെതിരെയാണ് റായുഡു ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 55 മത്സരത്തിൽ നിന്നും ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് സെഞ്ചുറിയും 10 ഫിഫ്റ്റിയുമടക്കം 1694 റൺസ് നേടിയ റായുഡു ആറ്‌ ടി20യിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും റായുഡു വിരമിച്ചിരുന്നു.