Skip to content

ലോകകപ്പിലെ നാലാം സെഞ്ചുറി ; സംഗക്കാരയുടെ റെക്കോർഡിനൊപ്പം ഹിറ്റ്മാൻ

ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ റെക്കോർഡിനൊപ്പമെത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ ലോകകപ്പിലെ നാലാം സെഞ്ചുറിയാണ് ബംഗ്ലാദേശിനെതിരെ രോഹിത് ശർമ്മ നേടിയത്. 90 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സുമടക്കം സെഞ്ചുറി പൂർത്തിയാക്കിയ ഹിറ്റ്മാൻ 92 പന്തിൽ 104 റൺസ് നേടിയാണ് പുറത്തായത്. ലോകകപ്പ് ചരിത്രത്തിലെ രോഹിത് ശർമ്മയുടെ അഞ്ചാം സെഞ്ചുറി കൂടിയാണിത്.

2015 ലോകകപ്പിലാണ് നാല് സെഞ്ചുറികൾ കുമാർ സംഗക്കാര നേടിയത്. അടുത്ത മത്സരങ്ങളിലും സെഞ്ചുറി നേടി സംഗക്കാരയുടെ ഈ റെക്കോർഡ് മറികടക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സെഞ്ചുറിയോടെ ആരോൺ ഫിഞ്ചിനെയും ഡേവിഡ് വാർണറിനെയും പിന്നിലാക്കി ലീഡിങ് റൺസ്കോററായി രോഹിത് മാറിയിരുന്നു. ഏഴ് മത്സരത്തിൽ നാല് സെഞ്ചുറിയും ഒരു ഫിഫ്റ്റിയുമടക്കം 90 ന് മുകളിൽ ശരാശരിയിൽ 544 റൺസ് ഈ ലോകകപ്പിൽ ഹിറ്റ്മാൻ അടിച്ചുകൂട്ടി.