Skip to content

ന്യൂസിലാൻഡിനെതിരെ ഓസ്‌ട്രേലിയക്ക് 86 റൺസിന്റെ തകർപ്പൻ വിജയം

ന്യൂസിലാൻഡിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് 86 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 244 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 43.4 ഓവറിൽ 157 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 9.4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ന്യൂസിലാൻഡിനെ തകർത്തത്. ജേസൺ ബെഹ്റൻഡോർഫ്‌ രണ്ട് വിക്കറ്റും, പാറ്റ് കമ്മിൻസ്, നേഥാൻ ലയൺ, സ്റ്റീവ് സ്മിത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

51 പന്തിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണും 30 റൺസ് നേടിയ റോസ് ടെയ്ലറും മാത്രമാണ് ന്യൂസിലാൻഡിന് വേണ്ടി അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 129 പന്തിൽ 88 റൺസ് നേടിയ ഉസ്മാൻ ഖവാജയും 72 പന്തിൽ 71 റൺസ് നേടിയ അലക്സ് കാരിയും ചേർന്നാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. അലക്സ് കാരിയാണ് മാൻ ഓഫ് ദി മാച്ച്.