Skip to content

നാല് റൺസ് അകലെ ഡുപ്ലെസിസിന് നഷ്ട്ടപെട്ടത് ഡിവില്ലിയേഴ്സിനൊപ്പമെത്താനുള്ള അവസരം

ശ്രീലങ്കയ്ക്കെതിരെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തി ആശ്വാസവിജയം സ്വന്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്ക. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം 37.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. 96 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും 80 റൺസ് നേടിയ ഹാഷിം അംലയും ചേർന്നാണ് സൗത്താഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

മത്സരത്തിൽ നാല് റൺസ് കൂടെ നേടി സെഞ്ചുറി പൂർത്തിയാക്കിയിരുന്നുവെങ്കിൽ ലോകകപ്പിൽ ഡിവില്ലിയേഴ്സിന് ശേഷം സെഞ്ചുറി നേടുന്ന സൗത്താഫ്രിക്കൻ ക്യാപ്റ്റനെന്ന നേട്ടം ഡുപ്ലെസിസിന് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. 2015 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ മത്സരത്തോടെയാണ് ക്യാപ്റ്റനായി ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്ക് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന നേട്ടം എ ബി സ്വന്തമാക്കിയത്. പുറത്താകാതെ 162 റൺസാണ് ഡിവില്ലിയേഴ്സ് അന്ന് അടിച്ചുകൂട്ടിയത്.

ലോകകപ്പിൽ ക്യാപ്റ്റനായി സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും ഉയർന്ന സ്കോർ നേടിയവർ

  • എ ബി ഡിവില്ലിയേഴ്സ് – 162 * v വെസ്റ്റിൻഡീസ് (2015)
  • എ ബി ഡിവില്ലിയേഴ്സ് – 97 v യു എ ഇ (2015)
  • ഫാഫ് ഡുപ്ലെസിസ് – 96 * v ശ്രീലങ്ക (2019)
  • ഗ്രെയിം സ്മിത്ത് – 91 v സ്കോട്ലാൻഡ് (2007)