Skip to content

ധോണിയുടെ മെല്ലെപ്പോക്ക് ; വിരാട് കോഹ്ലിയുടെ പ്രതികരണമിങ്ങനെ

നിരവധി വിമർശനങ്ങളാണ് അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനത്തിന് പുറകെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഏറ്റുവാങ്ങിയത്. സച്ചിൻ ടെണ്ടുൽക്കറടക്കമുള്ള മുൻ താരങ്ങളുടെ ഈ വിമർശനങ്ങൾക്കിടയിലും ധോണിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മധ്യനിരയിൽ എന്തുചെയ്യണമെന്ന് ധോണിയ്ക്ക് അറിയാമെന്നും ഒരുപാട് മത്സരങ്ങൾ ഇന്ത്യയെ വിജയിപ്പിച്ച ധോണിയെ എപ്പോഴും ടീം പിന്തുണയ്ക്കുമെന്നും വെസ്റ്റിൻഡീസിനെതിരായ മത്സരത്തിന് ശേഷം വിരാട് കോഹ്ലി വ്യക്തമാക്കി.

മത്സരത്തിൽ 61 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം പുറത്താകാതെ 56 റൺസ് എം എസ് ധോണി നേടിയിരുന്നു.

” മധ്യനിരയിൽ എന്താണ് ചെയ്യേണ്ടതെന്ന് ധോണിയ്ക്കറിയാം. ധോണിയ്ക്ക് ഒരു മോശം ദിവസമുണ്ടായാൽ എല്ലാവരും അതിനെ കുറിച്ച് സംസാരിച്ചുതുടങ്ങും. എന്നാൽ എല്ലായ്പ്പോഴും ടീം അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്. ഒരുപാട് മത്സരത്തിൽ അദ്ദേഹം ടീമിനെ വിജയത്തിലെത്തിച്ചു. 15-20 റൺസ് അധികമായി ടീമിന് വേണ്ടിവന്നാൽ വാലറ്റത്തിനൊപ്പം ചേർന്ന് അത് നേടാൻ ധോണിയ്ക്കറിയാം. ” കോഹ്ലി പറഞ്ഞു.

” ടീം ടോട്ടൽ 250 ആയിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ധോണി മധ്യനിരയിൽ ഉള്ളത് കൊണ്ട് ടീം സ്കോർ 270 നടുത്തെത്തി. ഹർദിക്കും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാൽ ധോണിയുടെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് പത്തിൽ എട്ട് തവണയും ഗുണകരമായിട്ടെയുള്ളൂ. അദ്ദേഹമൊരു ഇതിഹാസമാണ്. ” കോഹ്ലി കൂട്ടിച്ചേർത്തു.