ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന തീരുമാനത്തിൽ നിന്നും വെസ്റ്റിൻഡീസ് ഓപ്പണിങ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ പിന്മാറി. മാഞ്ചസ്റ്ററിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ക്രിസ് ഗെയ്ൽ വ്യക്തമാക്കിയത്. ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കെതിരെ സ്വന്തംനാട്ടിൽ നടക്കുന്ന ഏകദിന പരമ്പരയിൽ ഒരു ടെസ്റ്റ് മത്സരത്തിലും ഉറപ്പായും കളിക്കുമെന്നും എന്നാൽ ട്വന്റി20 യിൽ നിന്നും വിട്ടുനിൽക്കുമെന്നും യൂണിവേഴ്സൽ ബോസ് വ്യക്തമാക്കി.
ആദ്യം ക്രിസ് കളിയായി പറഞ്ഞതെന്ന് കരുതിയെങ്കിലും വെസ്റ്റിൻഡീസ് മീഡിയ മാനേജർ ഫിലിപ്പ് സ്പൂണർ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
ഓഗസ്റ്റിലാണ് രണ്ട് ടെസ്റ്റ് മത്സരവും മൂന്ന് വീതം മത്സരങ്ങൾ അടങ്ങിയ ടി20, ഏകദിന പരമ്പരയും അടങ്ങിയ ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനം തുടങ്ങുന്നത്.