Skip to content

57 പന്തിൽ സെഞ്ചുറി, 17 സിക്സ് ; മോർഗൻ തിരുത്തിയ റെക്കോർഡുകൾ

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെ തേടിയത്തിയത്. മത്സരത്തിൽ 71 പന്തിൽ നാല് ഫോറും പതിനേഴ് സിക്സുമടക്കം 148 റൺസ് നേടിയ മോർഗന്റെ മികവിൽ 150 റൺസിന്റെ കൂറ്റൻ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിൽ മോർഗൻ നേടിയ റെക്കോർഡുകൾ

ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാൻ

മത്സരത്തിൽ 17 സിക്സുകളാണ് മോർഗൻ അടിച്ചുകൂട്ടിയത്. 16 സിക്സ് വീതം നേടിയ രോഹിത് ശർമ്മ, എ ബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ൽ എന്നിവരെയാണ് മോർഗൻ മറികടന്നത്.

ലോകകപ്പിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ചുറി

വെറും 57 പന്തിൽ നിന്നാണ് മോർഗൻ മത്സരത്തിൽ സെഞ്ചുറി നേടിയത്. ലോകകപ്പിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ചുറിയാണിത്.

ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയവർ

കെവിൽ ഒബ്രയൻ – 50

ഗ്ലെൻ മാക്‌സ്‌വെൽ – 51

എ ബി ഡിവില്ലിയേഴ്സ് – 52

ഓയിൻ മോർഗൻ – 57

ഏകദിന കരിയറിൽ 200 സിക്സ്

മത്സരത്തിൽ 17 സിക്സ് നേടിയതോടെ ഏകദിന കരിയറിൽ 200 സിക്സെന്ന നേട്ടം മോർഗൻ പൂർത്തിയാക്കി. ഈ നാഴികകല്ല് മറികടക്കുന്ന എട്ടാമത്തെ ബാറ്റ്സ്മാനാണ് മോർഗൻ

ഏകദിനത്തിൽ ഒരു ബൗളർക്കെതിരെ ഏറ്റവും കൂടുതൽ സിക്സ്

മത്സരത്തിൽ ഏഴ് സിക്സുകളാണ് സ്പിന്നർ റാഷിദ് ഖാനെതിരെ മോർഗൻ പറത്തിയത്. ഇതോടെ ഒരു ഏകദിന മത്സരത്തിൽ ഒരു ബൗളർക്കെതിരെ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തമാക്കി.

ലോകകപ്പിലെ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ

ഏകദിന കരിയറിലെ തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറായിരുന്നു മത്സരത്തിൽ മോർഗൻ കുറിച്ചത്. ലോകകപ്പിൽ ഒരു ഇംഗ്ലണ്ട് ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണിത് ( 71 പന്തിൽ നിന്നും 148 റൺസ്) 2011 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ 158 റൺസ് നേടിയ ആൻഡ്രൂ സ്ട്രോസാണ് മോർഗന് മുൻപിലുള്ളത് .