Skip to content

ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് മോർഗനെ പ്രശംസിച്ച് അഫ്ഘാനിസ്ഥാൻ ക്യാപ്റ്റൻ

തകർപ്പൻ പ്രകടനമാണ് അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 71 പന്തിൽ 17 സിക്സും നാല് ഫോറുമടക്കം 148 റൺസാണ് മോർഗൻ അടിച്ചുകൂട്ടിയത്. ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടവും മോർഗൻ സ്വന്തമാക്കിയിരുന്നു. മോർഗന്റെത് താൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളി ലൊന്നാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അഫ്ഘാനിസ്ഥാൻ ക്യാപ്റ്റൻ ഗുൽബാദിൻ നൈബ്. മറ്റൊരു തലത്തിലാണ് അവസാന 20 ഓവറിൽ ഇംഗ്ലണ്ട് കളിച്ചതെന്നും അതിൽ ക്രെഡിറ്റ് അർഹിക്കുന്നത് ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗനാണെന്നും ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണിതെന്നും മത്സരശേഷം അഫ്ഘാൻ ക്യാപ്റ്റൻ പറഞ്ഞു.

” ഞങ്ങൾ കളിച്ചുപരിചയമുള്ള പിച്ചുകളിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് ഈ പിച്ച്. മുജീബിന് മികച്ച രീതിയിൽ അവന്റെ ജോലി നിർവഹിക്കാൻ സാധിച്ചു. എന്നാൽ നിർഭാഗ്യവശാൽ റാഷിദ് ഖാൻ ഇന്ന് റൺസ് വഴങ്ങികൂട്ടി. ഫീൽഡിങിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിച്ചുവെങ്കിലും മോർഗന്റെ ക്യാച്ച് ഞങ്ങൾ പാഴാക്കി ആ അവസരം മോർഗൻ മുതലാക്കുകയും ചെയ്തു. ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണിത്. ” ഗുബാദിൻ കൂട്ടിച്ചേർത്തു.

ജൂൺ 22 ന് ഇന്ത്യയ്‌ക്കെതിരെയാണ് അഫ്ഘാനിസ്ഥാന്റെ അടുത്ത മത്സരം.