Skip to content

സച്ചിന്റെയും വിരാട് കോഹ്ലിയുടയും റെക്കോർഡ് പഴങ്കഥയാക്കി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 113 പന്തിൽ 14 ഫോറും മൂന്ന് സിക്സുമടക്കം 140 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ലോകകപ്പിലെ പാകിസ്ഥാൻ – ഇന്ത്യ പോരാട്ടത്തിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണിത്. 2015 ൽ 126 പന്തിൽ 107 റൺസ് നേടിയ വിരാട് കോഹ്ലിയുടെ റെക്കോർഡാണ് രോഹിത് ശർമ്മ തകർത്തത്. ലോകകപ്പിൽ പാകിസ്ഥാനെതിരായ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ കൂടിയാണിത്. 2003 ൽ പുറത്താകാതെ 143 റൺസ് നേടിയ ആൻഡ്രൂ സൈമണ്ട്സാണ് ഈ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്.

ഏകദിന കരിയറിലെ 203 ആം ഇന്നിങ്സിൽ തന്റെ 24 ആം സെഞ്ചുറി നേടിയ രോഹിത് ശർമ്മ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ഏറ്റവും വേഗത്തിൽ 24 ഏകദിന സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി മാറി. 219 ഇന്നിങ്സിൽ നിന്നാണ് സച്ചിൻ 24 സെഞ്ചുറി നേടിയത്. വെറും 161 ഇന്നിങ്സിൽ നിന്നും 24 സെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് ഇരുവർക്കും മുൻപലുള്ളത്.